അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനുശേഷം തീരുമാനം കൈക്കൊള്ളും

കെ-ടെറ്റ് യോഗ്യതയിലെ പ്രതിസന്ധി
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാണ്. എന്നാൽ പെട്ടെന്നൊരു മാറ്റം അധ്യാപകരെ ബാധിക്കുമെന്നതിനാൽ രണ്ടായിരത്തി പന്ത്രണ്ടിന് മുമ്പ് നിയമിക്കപ്പെട്ടവർക്ക് സർക്കാർ ഇളവ് നൽകിയിരുന്നു. എന്നാൽ 2025 സെപ്റ്റംബർ 1-ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി,
ഇത്തരം ഇളവുകളെ നിരാകരിക്കുകയും കെ-ടെറ്റ് ഇല്ലാത്തവരെ സർവീസിൽ നിന്ന് നീക്കണമെന്ന് പറയുകയും ചെയ്തു.
ഇത് ഇരുപതിനായിരത്തോളം അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമായി മാറി. കോടതി വിധി നടപ്പിലാക്കിക്കൊണ്ട് തന്നെ അധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ വഴി കണ്ടെത്തിയിരിക്കുകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു
വിധി പ്രകാരം രണ്ടു വർഷം കെ-ടെറ്റ് പാസ്സാകാൻ സമയം നൽകുന്നുണ്ട്.
ആ സമയം വരെ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.
അതിനാൽ, രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് നേടണം എന്ന വ്യവസ്ഥയിൽ, 2025 സെപ്തംബർ 1 നു മുൻപ് നിയമനം ലഭിച്ചതും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി. എന്നിവ ഉള്ള എല്ലാവർക്കും ശമ്പള സ്കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനുശേഷം തീരുമാനം കൈക്കൊള്ളുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
