വനമിത്ര പുസ്കാരം വി. ഹരിഗോവിന്ദിന്

June 03, 2026 - By School Pathram Academy

ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തന മികവിന് കേരള സർക്കാർ വനംവകുപ്പിന്റെ വനമിത്ര പുസ്കാരം വി. ഹരിഗോവിന്ദിന്

പത്തനംതിട്ട:

കേരള സർക്കാർ വനം – വന്യജീവി വകുപ്പ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നൽകുന്ന 2025 – 26 വർഷത്തെ വനമിത്ര അവാർഡിന് വി. ഹരി ഗോവിന്ദ് അർഹനായി.25000 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാർഡ്.

മനുഷ്യത്വം പോലും മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് മണ്ണിനെയും,മരങ്ങളെയും,പുഴകളെയും ഹൃദയത്തോടു ചേർത്ത് ഒരു അധ്യാപകൻ…. പഠനത്തോടൊപ്പം തൻ്റെ വിദ്യാർഥികൾക്ക് പ്രകൃതി സ്നേഹത്തിന്റെ ബാലപാഠങ്ങൾ കൂടി പറഞ്ഞു കൊടുക്കുന്ന മഹത്തായ   പ്രവർത്തനങ്ങളാണ് തിരുവല്ല നെടുമ്പ്രം നിവാസിയും ,തട്ടയിൽ എൻ.എസ്.എസ് . ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ ഹരിപ്രിയ വീട്ടിൽ വി. ഹരിഗോവിന്ദ് നടത്തിവരുന്നത്.

14 വർഷം ജോലി ചെയ്ത വിദ്യാലയങ്ങളിലും, ഇടക്കാലത്ത് സമഗ്ര ശിക്ഷ കേരള, ചെങ്ങന്നൂർ ബി.ആർ.സി ക്ലസ്റ്റർ കോർഡിനേറ്ററായി ജോലി ചെയ്ത കാലയളവിലും തൻ്റെ വിദ്യാലയ ത്തോടൊപ്പം, വിവിധ സ്കൂളുകളിൽ  സന്നദ്ധ സംഘടനകളുമായി ചേർന്ന്  വിവിധ പരിസ്ഥിതി പ്രവർത്തന പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

ജില്ലയിലെ വിവിധ തോടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ വൃക്ഷ വ്യാപന, പരിസ്ഥിതി സംരക്ഷണ സംഘടനയായ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കോഡിനേറ്റർ,പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന  തിരുവിതാംകൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ  പ്രസിഡൻറ്, ദേശീയ ഹരിത സേനാ എക്കോ ക്ലബ് കോഡിനേറ്റർ, സ്കൂൾ ഫോറസ്ട്രി ക്ലബ് കോർഡിനേറ്റർ, മാതൃഭൂമി സീഡ് ക്ലബ് കോഡിനേറ്റർ,എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.”നന്മ മരം” എന്നപേരിൽ നടത്തിയ വൃക്ഷ വ്യാപനപദ്ധതി, പ്ലാസ്റ്റിക് നിർമാർജനം, ജലസംരക്ഷണ പ്രവർത്തനങ്ങൾ,വേനൽ കാലയളവിൽ പക്ഷികൾക്ക് ദാഹജലം നൽകുന്നതിന് “പക്ഷികൾക്ക് പാനപാത്രം ” എന്നീ പദ്ധതികൾ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടപ്പാക്കി.

താമസിക്കുന്ന വീടിനോടുചേർന്ന് വംശനാശം നേരിടുന്നമുന്നൂറിൽപ്പരം ഔഷധസസ്യങ്ങൾ  സംരക്ഷിച്ചുവരുന്നു.  രുദ്രാക്ഷം ,ദന്തപാല, അശോകം, സോമലത,മൃതസഞ്ജീവനി, കടമ്പ്, വിവിധ ഇനം തുളസിച്ചെടികൾഎന്നിവ ഇതിൽ പ്രധാന സസ്യങ്ങൾ ആണ്.ഇവിടെ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൃക്ഷ തൈകൾ വിവിധ വിദ്യാലയങ്ങളിലും കോളേജുകളിലും ഔഷധസസ്യ തോട്ട നിർമ്മാണത്തിനായി സൗജന്യമായി നൽകിവരുന്നു.

വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തിവരുന്നു. “പ്ലൻ്റ് ഫോർ മദർ ” എന്ന വൃക്ഷ വ്യാപന പദ്ധതി ഇതിൽ പ്രധാന പ്രവർത്തനമാണ്.

പത്തനംതിട്ട ജില്ലാ സോഷ്യൽ ഫോറസ്ട്രിയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങളിൽ സജീവമാണ്.ലോക സർപ്പ ദിനത്തിൽ സർപ്പ ആപ്പ്പൊ തുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന പരിപാടികൾക്ക് നേതൃത്വം വഹിച്ചു. കൂടാതെ മദ്ധ്യതിരുവിതാംകൂറിലെ വിവിധ ആരാധനാലയങ്ങൾ, വിവിധ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൃക്ഷവ്യാപന പദ്ധതികൾ  നടപ്പാക്കിവരുന്നു.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പരമാവധി ജനങ്ങളിൽ എത്തിക്കുവാൻ  വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു പ്ലാസ്റ്റിക്കിനെതിരെ പോരാടുവാൻ  സ്കൂളിലെ കുട്ടികളുമായി ചേർന്ന്  തുണിസഞ്ചികൾ വീടുകളിൽ നൽകി പ്ലാസ്റ്റിക് അവബോധം ജനങ്ങളിലെത്തി ക്കുന്ന പ്രവർത്തനം നടത്തിവരുന്നു. പൊതുജനങ്ങളുടെയും വിദ്യാർത്ഥികളു ടെയും സഹായത്തോടുകൂടി സ്കൂളുക ളിലും പൊതുസ്ഥലങ്ങളിലും ഇക്കോ ബ്രിക്ക് ഇരിപ്പിടങ്ങൾ ഉണ്ടാക്കുന്ന പദ്ധതി ഇ വർഷം നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഹരിഗോവിന്ദ്.

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ പരിസ്ഥിതി മിത്ര പുരസ്കാരം, പരിസ്ഥിതി പ്രവർത്തകർക്ക് നൽകുന്ന സുന്ദർലാൽ ബഹുഗുണ ബെസ്റ്റ് ടീച്ചേഴ്സ് അവാർഡ്, ട്രാവൻകൂർ ജനസേവ ചാരിറ്റബിൾ ഫൗണ്ടേഷൻ നടപ്പാക്കിയ യുവ പരിസ്ഥിതി പ്രവർത്തക അവാർഡ് എന്നീ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ അധ്യാപികയായ  ജ്യോതിലക്ഷ്മിയാണ് ഭാര്യ. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ   മാലതി ഗോവിന്ദ് ആണ് മകൾ

Recent

Load More