കുട്ടികളിലെ പഠനവൈകല്യം തിരിച്ചറിയാൻ “എൻ-സൈറ്റ് എ ഐ” ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ വേറിട്ട കാൽവെപ്പ്

March 10, 2026 - By School Pathram Academy

കുട്ടികളിലെ പഠനവൈകല്യം തിരിച്ചറിയാൻ “എൻ-സൈറ്റ് എ ഐ” ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ വേറിട്ട കാൽവെപ്പ്…

ചെങ്ങന്നൂർ: കുട്ടികളിലെ പഠന സംബന്ധമായ ബുദ്ധിമുട്ടുകൾ (Learning Disabilities) പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ‘എൻ-സൈറ്റ് എ ഐ’ (N-Sight AI) എന്ന വിപ്ലവകരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതിയുമായി ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ‘ടീം എഐ കണക്ട്’.

കോളേജിലെ രണ്ടാം വർഷ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (AI&ML) വിദ്യാർത്ഥികളായ മീനാക്ഷി എസ്., അനുശ്രീ എസ്., കാശി നാഥ് യു. എസ്., പ്രദീപ് പി. എന്നിവരടങ്ങുന്ന സംഘം വികസിപ്പിച്ചെടുത്ത എഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്ക് മുന്നിൽ അവതരിപ്പിച്ചു.

കുട്ടികളിലെ പഠന വൈകല്യങ്ങൾ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്താനും, അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനും സഹായിക്കുന്ന ഈ സാങ്കേതികവിദ്യ വിദ്യാഭ്യാസ മേഖലയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന (Inclusive) ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വലിയൊരു ചുവടുവെപ്പായിരിക്കുമെ ന്ന് മന്ത്രി വിലയിരുത്തി. കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ പിന്തുണാ സ്ഥാപനമായ കൈറ്റുമായി (KITE) സഹകരിച്ച് അടുത്ത അധ്യയന വർഷം മുതൽ ഇത് പ്രായോഗികമാക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് അദ്ദേഹം ടീമിന് ഉറപ്പുനൽകി.

പ്ലേ ഗ്രൂപ്പ് തലം മുതൽ തന്നെ കുട്ടികളുടെ സ്വഭാവരീതികളും, പഠന നിലവാരവും ഈ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിച്ച്, കുട്ടികളിലെ വിവിധങ്ങളായ പോരായ്മകൾ പരിഹരിക്കാൻ ഈ സോഫ്റ്റ്‌വെയർ സഹായിക്കും.

സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി എഐ പ്രോജക്റ്റുകൾ ഈ വിദ്യാർത്ഥിക്കൂട്ടായ്മ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.

കെ.എസ്.ആർ.ടി.സിയുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ഇവരുടെ ‘KSRTC AI കണക്ട് ‘ എന്ന എഐ അധിഷ്ഠിത പ്രോഗ്രാം കൂടെ ഉൾപ്പെടുത്തി, കെ എസ്ആർടിസിയിൽ ഡിജിറ്റൽ പരിവർത്തനം നടപ്പിലാക്കാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ടീമിന് ഔദ്യോഗിക അനുമതി ലഭിച്ചു കഴിഞ്ഞു. കെഎസ്ആർടിസി ഐ.ടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

കേരള സർക്കാരിന്റെ കെ-ഡിസ്ക് (K-DISK) സംഘടിപ്പിക്കുന്ന ‘യങ്ങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം’ (YIP 8.0)-ൽ പ്രാഥമിക ഘട്ട വിജയികളായ ഈ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രൊജക്റ്റ് ഐഡിയ, സംസ്ഥാനത്തെ മികച്ച നൂതന ആശയങ്ങളിൽ ഒന്നായി അംഗീകരിക്കപ്പെട്ടു, ടീം എഐ കണക്ടിന്റെ പ്രോഗ്രാം നിലവിൽ ജില്ലാതല മൂല്യനിർണ്ണയത്തിലേക്ക് കടന്നിരിക്കുകയാണ്.

2026 ജനുവരിയിൽ ഐ.എച്ച്.ആർ.ഡി സംഘടിപ്പിച്ച അന്താരാഷ്ട്ര ഹാക്കത്തണിൽ ദേശീയതലത്തിൽ നാലാം സ്ഥാനം നേടിയ “ടീം എഐ കണക്ട്”, ഗുരുവായൂരിൽ ദർശനത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് മുൻകൂട്ടി പ്രവചിക്കാനും, ദർശനം സുഗമമാക്കാനും സഹായിക്കുന്ന ‘ഇ-ദർശൻ’ (e-darshan) എന്ന പ്രൊജക്റ്റ്, ഗുരുവായൂർ ദേവസ്വം ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ഈ പ്രോജക്ട് ചെയ്യാൻ തങ്ങളെ ഏൽപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം അംഗങ്ങൾ.

ഐ എച്ച് ആർ ഡി ഡയറക്ടർ വി.എ. അരുൺകുമാർ ടീം എ ഐ കണക്ട് അംഗങ്ങളായ മീനാക്ഷി എസ്., അനുശ്രീ എസ്., കാശി നാഥ് യു. എസ്., പ്രദീപ് പി. എന്നിവരടങ്ങുന്ന സംഘത്തെ അഭിനന്ദിച്ചു.

ചെങ്ങന്നൂർ എംഎൽഎയും, സാംസ്കാരിക, യുവജനക്ഷേമ, ഫിഷറീസ് വകുപ്പ് മന്ത്രിയുമായ സജി ചെറിയാൻ, എഐ സാങ്കേതിക വിദ്യ സാധാരണക്കാരിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ഈ വിദ്യാർഥി കൂട്ടായ്മയെ നിയമസഭാ മന്ദിരത്തിൽ വച്ച് അഭിനന്ദിച്ചു. കൂടാതെ വരും ദിവസങ്ങളിൽ കൂടുതൽ നൂതന പദ്ധതികളുമായി മുന്നോട്ട് പോകാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ ഡോ. ഹരി വി.എസ്., അധ്യാപകരായ ഗോപകുമാർ, ശ്യാമ എസ്, ഡോ. ഷെറിൻ ജോസഫ് എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തിലാണ് “ടീം എഐ കണക്ട്” പ്രവർത്തിക്കുന്നത്.

Recent

Load More