അപകടത്തിൽപ്പെട്ടവർക്ക് രക്ഷകനായി സമീർ മാഷ്

June 22, 2026 - By School Pathram Academy

അപകടത്തിൽപ്പെട്ടവർക്ക് രക്ഷകനായി സമീർ മാഷ്

കാഞ്ഞങ്ങാട്: റോഡപകടങ്ങളിൽപ്പെട്ടവരെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കാഞ്ഞങ്ങാട് സൗത്ത് വി.എച്ച്.എസ്.എസ് അധ്യാപകൻ സമീർ സിദ്ദീഖിയെ കാസർകോട് ട്രോമ കെയർ വോളണ്ടിയർമാരുടെ സംഗമത്തിൽ വച്ച് ആദരിച്ചു. മുൻ ഡി ജി പി ഋഷിരാജ് സിംഗ് ആണ് ഉപഹാരം സമ്മാനിച്ചത്.

മുവാറ്റുപുഴയ്ക്ക് സമീപം വച്ച് രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ ടൂ വീലറിൽ അമിത വേഗത്തിലും അലക്ഷ്യമായും യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായി. റോഡിന്റെ ഇരുവശത്തേക്കും തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന വിദ്യാർത്ഥികളെ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ നോക്കിനിൽക്കുകയാ യിരുന്നു. ആ വഴി സ്വന്തം കാറിൽ വരികയായിരുന്ന അധ്യാപകൻ സമീർ സിദ്ദീഖി ഉടൻ വാഹനം നിർത്തി, പരിക്കേറ്റ വിദ്യാർത്ഥികളെ കാറിൽ കയറ്റി മൂവാറ്റുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ഉറപ്പാക്കി. അദ്ദേഹത്തിന്റെ സമയോചിത ഇടപെടൽ രണ്ട് ജീവനുകളാണ് രക്ഷിച്ചത്.

ഈസ്റ്റ് മാറാടി സ്കൂളിന് സമീപം നടന്ന മറ്റൊരു ഇരുചക്ര വാഹന അപകടത്തിൽ ബധിരനും മൂകനുമായ അനു എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ സമീർ സിദ്ദീഖി യുവാവിനെ തന്റെ കാറിൽ കയറ്റി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.

തുടർച്ചയായി രണ്ട് അപകടങ്ങളിൽ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയ അധ്യാപകന്റെ മനുഷ്യത്വപരമായ പ്രവർത്തനത്തെ മാനിച്ചാണ് കാസർകോട് ട്രോമ കെയർ യൂണിറ്റ് ആദരിച്ചത്. “അപകടം നടന്നാൽ കാഴ്ചക്കാരാകാതെ ഇടപെടാൻ ഓരോരുത്തരും തയ്യാറാകണം. ഒരു ജീവൻ രക്ഷിക്കുന്നത് ഒരു ലോകത്തെ രക്ഷിക്കുന്നതിന് തുല്യമാണ്” എന്ന് ഉപഹാര സമർപ്പണ വേളയിൽ ഋഷിരാജ് സിംഗ് പറഞ്ഞു.

അധ്യാപകനായ സമീർ സിദ്ദീഖിയുടെ സേവന സന്നദ്ധതയെ ട്രാക്ക് പ്രസിഡൻ്റ് എം കെ രാധാകൃഷ്ണൻ , സെക്രട്ടറി വി വേണുഗോപാൽ ,സ്കൂൾ പി.ടി.എ, സ്റ്റാഫ് കൗൺസിൽ, എൻ എസ് എസ് യൂണിറ്റംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.

Recent

Load More